f402051d27246edb01c2f02c72947a1b507e4dbd

2017-07-30 ~ Jithin Unnikulam
Subscribe For Free Updates!

We'll not spam mate! We promise.

Wednesday, August 2, 2017

ഗുരുവായൂര്‍ കല്യാണം - ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ???

കഴിഞ്ഞ ദിവസം ഏറെ വൈറലായൊരു  വാര്‍ത്തയായിരുന്നു കല്യാണം കഴിഞ്ഞപ്പോള്‍ താലിമാല വരന് തന്നെ ഊരി നല്‍കി വധു കാമുകനൊപ്പം പോകുവാന്‍ നോക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ കൂടിയും പത്രമാധ്യമങ്ങളില്‍ കൂടിയും ഈ വാര്‍ത്ത ആഘോഷിക്കുന്നു.

സത്യത്തില്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് എത്രപേര്‍ അന്വേഷിച്ചു? ഈ ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചില്ല എന്ന് പറയാം. കാരണം നമുക്ക് ഈ വാര്‍ത്തകള്‍ ഒന്നുകില്‍ സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നു, അല്ലെങ്കില്‍ ഏതെങ്കിലും പത്രത്തില്‍ നിന്നും ലഭിക്കുന്നു. സ്വാഭാവികമായും നമ്മള്‍ അത് വിശ്വസിക്കുകയും ചെയ്യും. പ്രത്യേകിച്ചും ഒരു പെണ്ണ് കേസ് ആയതുകൊണ്ട്.

ഇന്നിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു പെണ്‍കുട്ടിയുടെ സുഹുര്‍ത്തുക്കള്‍ പറയുന്നതായുള്ള വാര്‍ത്തകള്‍. അവര്‍ പറയുന്നത് ഇപ്രകാരം ആണ്.

"അവള്‍ക്ക് മറ്റൊരാളെ ഇഷ്ടമാണെന്നുള്ള കാര്യം അവളുടെ മാതാപിതാക്കളെയും കല്യാണം കഴിക്കാന്‍ പോകുന്ന ചെറുക്കനേയും അറിയിച്ചു, പക്ഷെ അവര്‍ പറഞ്ഞത് " നീ പഴയ കാര്യങ്ങള്‍ ഒക്കെ മറന്നു കളഞ്ഞേക്ക് " എന്നാണു.

അവള്‍ തന്നെ അവളുടെ മാതാപിതാക്കളോട് പറഞ്ഞത്രേ ഞാന്‍ കല്യാണം കഴിഞ്ഞാലും എന്നെ സ്നേഹിച്ച ആളുടെ കൂടെ പോകും എന്ന്, എങ്കില്‍ ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍???

പെണ്ണിന്റെ വീട്ടുകാരോ അതോ എല്ലാം അറിഞ്ഞിട്ടും കെട്ടാന്‍ തയ്യാറായി വന്ന ആ ചെറുക്കനോ???

ചില സമയത്ത് നമ്മുടെ വാശികള്‍ അത് വലിയൊരു വേദനയിലേക്ക് നമ്മളെ തള്ളിവിടും. ഇപ്പോള്‍ അതാണ്‌ ഈ പെണ്ണിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. അവള്‍ വര്‍ഷങ്ങളായി സ്നേഹിച്ച ആളെ കല്യാണം കഴിക്കണം എന്ന് വാശി പിടിച്ചപ്പോള്‍, തങ്ങളുടെ മകള്‍ക്ക് നല്ല ഒരു ദാമ്പത്യജീവിതം ഉണ്ടാകണം എന്ന മാതാപിതാക്കളുടെ വാശിയും അതിനൊപ്പം ഈ പെണ്ണിനെ കെട്ടിയാല്‍ തനിക്ക് ഒരുപാട് സ്ത്രീധനവും വല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാതെ കഴിഞ്ഞു പോകാം എന്ന ആ ചെറുക്കന്റെ വാശിയും കൂടി ആയപ്പോള്‍ അവിടെ സംഭവിച്ചത്, തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് ആ നിമിഷത്തില്‍ അവള്‍ക്ക് അങ്ങനെ ചെയ്യേണ്ടി വന്നു എന്നതാണ് സത്യം.

പ്രായപൂര്‍ത്തിയായ ഒരു പെണ്ണ് എന്ന നിലയ്ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ അവള്‍ക്കും അധികാരമുണ്ട്‌. ആ അധികാരത്തെ പിടിച്ചു കെട്ടാന്‍ ശ്രമിച്ചതാണ് അവര്‍ക്ക് വിനയായത്.

എന്നാല്‍ ഈ വാര്‍ത്ത വന്ന നിമിഷം മുതല്‍ സമൂഹം അവളെ വിളിച്ചു തുടങ്ങി " തേപ്പുകാരി" എന്ന്. എന്തറിഞ്ഞിട്ടാണ് എല്ലാവരും അങ്ങനെ വിളിച്ചത്??? അങ്ങനെ നമ്മള്‍ പരസ്പരം ചോദിച്ചാല്‍ ആര്‍ക്കും ഒന്നും തന്നെ പറയുവാനും കാണില്ല, കാരണം നമുക്കൊന്നും അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ആഗ്രഹമില്ലല്ലോ..

സ്നേഹിച്ച കാമുകനെ അവള്‍ വഞ്ചിച്ചിട്ടില്ല, അപ്പോള്‍ നിങ്ങള്‍ ചോദിക്കും മാതാപിതാക്കളെയോ എന്ന്, ഇല്ല എന്ന് ഞാന്‍ പറയും, കാരണം അവള്‍ ആദ്യമേ അവരുടെ അരികില്‍ ഈ നഗ്ന സത്യം പറയുകയും ചെയ്തതാണ്.

ഇതിന്റെ കൂടെ സഹോദരിമാരുടെ അറിവിലേക്കായ് ഒരു കാര്യവും കൂടെ പറയട്ടെ ,  പ്രണയിക്കുമ്പോള്‍ പരസ്പരം നല്ല വശങ്ങള്‍ മാത്രമേ കാണൂ, കെട്ടി  കഴിഞ്ഞാല്‍ പിന്നീട് ചീത്ത വശങ്ങളും കണ്ടു തുടങ്ങും. അതുകൊണ്ട് പരമാവധി വീട്ടുകാര്‍ നടത്തി തരുന്ന കല്യാണത്തിന് തയ്യാറാവുക, അതാകുമ്പോള്‍ എന്തെങ്കിലും പ്രശ്നം വന്നാലും അത് പരിഹരിക്കാന്‍ അവര്‍ കൂടെ ഉണ്ടാകും.

നമുക്ക്  സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നതില്‍ കയറി ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ എന്തെന്ന് എങ്കിലും അറിയാന്‍ നമ്മള്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നമ്മള്‍  ചെയ്യുന്ന ആ ഒരു ഷെയര്‍ ഒരാളുടെ ജീവന്‍ എടുക്കുവാന്‍ കാരണമായതില്‍ ഉള്‍പ്പെടും...


ഇനി നിങ്ങള്‍ ചിന്തിക്കൂ, ഈ വിഷയത്തില്‍ ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍???


(നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, യോഹന്നാന്‍ സുവിശേഷം 7:53-8-11)




Monday, July 31, 2017

പായസത്തിന്റെ മതം

നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ യാത്ര എങ്ങോട്ടാണ് എന്ന് ചിന്തിക്കുമ്പോള്‍ നാളെ എല്ലാ കുട്ടികളെയും വീട്ടില്‍ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.  കഴിഞ്ഞ ദിവസം ഒരാള്‍ fb യില്‍ ഒരു പോസ്റ്റിട്ടു. അതില്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു. " തന്റെ മകളുടെ ജന്മദിനത്തിന് അമ്പലത്തില്‍ നിന്നും നല്‍കിയ പായസം അവളുടെ സ്കൂളിലെ ഒരു ടീച്ചര്‍ ഒഴികെ മറ്റാരും കഴിച്ചില്ല" എന്നതാണ്. ഈ കുട്ടി പഠിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിയുടെ സ്കൂളിലും. പായസം കഴിച്ച ഏക ടീച്ചര്‍ ഹിന്ദുവും.

4 ആം ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി അവളുടെ ജന്മദിനമായതിനാല്‍ ആണ് ആ പായസം സ്കൂളില്‍ കൊണ്ടുപോയതും കുട്ടികള്‍ക്ക് കൊടുക്കുവാന്‍ തയ്യാറായതും. എന്നാല്‍ ഇത് കുട്ടികള്‍ കഴിച്ചില്ല എങ്കില്‍ ആ കുഞ്ഞു കുട്ടികളുടെ മനസ്സില്‍ പോലും ശക്തമായ രീതിയില്‍ ഉള്ള മതവിശ്വാസം വളര്‍ത്തിയെടുത്തു എന്നാണു മനസ്സിലാക്കുവാന്‍ കഴിയുക.

പലയിടത്തും ഓരോ മതസ്ഥര്‍ അവരവരുടെ വിശ്വാസത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടാകും ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നത് പോലും. അതൊന്നും നമ്മളാരും മതത്തിന്റെ ഭക്ഷണമാണ് എന്ന രീതിയില്‍ കഴിക്കാതെ ഇരിക്കുകയുമില്ല.

എന്റെ സുഹുര്‍ത്തുക്കളില്‍ പലരും മുസ്ലീം ആണ്, അവര്‍ പള്ളിയില്‍ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്. അവിടെ അവരുടെ വിശ്വാസം അല്ല ഞാന്‍ നോക്കിയത്. എന്റെ സ്നേഹിതരുടെ സ്നേഹമാണ്.  അതുപോലെ ഞാന്‍ നിരവധി ക്രിസ്ത്യന്‍ വീടുകളില്‍ പോയി അവര്‍ വെഞ്ചരിച്ച് കൊണ്ടുവന്ന അപ്പവും വീഞ്ഞും  ഞാന്‍ കഴിച്ചിട്ടുണ്ട്.  ഇവിടെയൊന്നും എന്റെ മതവിശ്വാസം നഷ്ടപ്പെടുകയോ ഞാന്‍ മറ്റ് മതത്തിലേക്ക് മാറിപ്പോകുകയോ ചെയ്തിട്ടില്ല. മിസ്മി ചൊല്ലി അറക്കുന്ന കോഴിയെ കഴിക്കാത്തവരും കേരളത്തില്‍ കുറവാണെന്നുള്ള കാര്യവും ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പടരുമ്പോള്‍ അത് വര്‍ഗ്ഗീയ വത്കരിച്ചു അതില്‍ സുഖം കണ്ടെത്തുന്നവരെ നാം ആദ്യം തിരിച്ചറിയണം. അല്ലെങ്കില്‍ വരുംനാളെ നമ്മളും   ഇതുപോലെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ചകേണ്ടി വരും. പലയിടത്തും യുദ്ധങ്ങള്‍ പോലും ഉണ്ടായത് മതത്തിന്റെ പേരിലാണ് എന്ന കാര്യം നമ്മളാരും മറക്കരുത്. രശ്മി നായരെപ്പോലെ ഉള്ളവര്‍ എന്ത് ആഭാസത്തരവും വിളിച്ചു പറഞ്ഞേക്കാം, കാരണം അവര്‍ക്ക് അതും ഒരു ആഘോഷമാണ്.

വരും തലമുറയെ ഇനി പറഞ്ഞു മനസ്സിലാക്കേണ്ടവര്‍ നമ്മളാണ്, പള്ളിയും അമ്പലവും എല്ലാം ഈ നാട്ടില്‍ ഉണ്ടെന്നും അതിനേക്കാള്‍ വലുതാണ്‌ മനുഷ്യമനസ്സുകള്‍ തമ്മിലുള്ള ബന്ധമെന്നും ,ആ സ്നേഹബന്ധത്തില്‍ ഒരിക്കലും മതം കലര്‍ത്തരുത് എന്നും മതവും, മതവിശ്വാസവും പള്ളികൂടങ്ങളില്‍ കയറ്റരുതെന്നും  നാം പറഞ്ഞു മനസ്സിലാക്കണം.

അവസാനിക്കാതെ ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍

ഓരോ തവണ ജസ്റ്റിസ് ഫോര്‍ എന്ന ഹാഷ് ടാഗ് കാണുമ്പോഴും വിചാരിക്കും, ദൈവമേ ഇനി ഇതുപോലെ മറ്റൊരാള്‍ക്ക് വേണ്ടി ഇങ്ങനെ ഹാഷ് ടാഗുകള്‍ ഇട്ട് പ്രതിഷേധിക്കുവാന്‍ ഇടവരുത്തരുതേ എന്ന്, പക്ഷെ ഓരോ തവണ ഹാഷ് ടാഗുകള്‍ അവസാനിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയ പുതിയ സംഭവങ്ങള്‍ ഉടലെടുക്കും. ചിലപ്പോള്‍ ആരെയെങ്കിലും ഒക്കെ അറസ്റ്റ് ചെയ്തിട്ടുണ്ടാകും അല്ലെങ്കില്‍ അതും കാണില്ല. ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍ അവസാനിക്കുന്നില്ല.

ഇപ്പോഴിതാ വീണ്ടും ഒരു ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗ് വന്നിരിക്കുന്നു ജസ്റ്റിസ് ഫോര്‍ വിനായകന്‍.വിനായകന്റെ മരണത്തോടെ വന്നിരിക്കുന്നു പുതിയൊരു ഹാഷ് ടാഗ് ItsMurder.   മുടി നീട്ടിയതിന്റെയും പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെയും പേരിലാണത്രേ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെ  പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ച വിനായകനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് സമൂഹത്തിനു കാണുവാന്‍ സാധിച്ചത്. നഷ്ടപ്പെട്ടതോ അവനെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം. ഇതിന് ഉത്തരവാദി സര്‍ക്കാരോ അതോ പോലീസോ???

രാക്ഷ്ട്രീയ ലാഭത്തോടെ ഇതിനെ കണ്ടാല്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പറയും സര്‍ക്കാര്‍ ആണെന്ന്. എന്നാല്‍ നെഞ്ചത്ത് കൈവച്ചു ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടും, ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ ആണെന്ന്. എന്നിരുന്നാല്‍ ഇവിടെയും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആകുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാനോ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുവാനോ സര്‍ക്കാര്‍ ഇത് വരെ ശ്രമിച്ചില്ല എന്നത് ഒരു കുറ്റം തന്നെയാണ്.

അടിയന്തരാവസ്ഥ കാലത്ത് ഇതുപോലെ പോലീസിന്റെ ഒരു ക്രൂരകൃത്യം നടന്നിരുന്നു. അന്നൊക്കെ ഇതുപോലെ പ്രതികരിക്കാന്‍ സമൂഹം തയ്യാറാകാത്തതിനാല്‍ ഈച്ചരവാര്യര്‍ക്ക് മരിക്കുന്നത് വരെ നീതി ലഭിച്ചിട്ടില്ലായിരുന്നു. കാലം മാറിയപ്പോള്‍ ഇവിടെ പ്രതികരണശേഷി വര്‍ദ്ധിച്ചുവെങ്കിലും കുറ്റകൃത്യങ്ങള്‍ കൂടുകയാണ് ഉണ്ടായത്.

വിനായകന് മുന്‍പ് ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗ് ഉപയോഗിച്ചത് ജിഷ്ണുവിന് വേണ്ടിയായിരുന്നു. കോപ്പിയടിച്ച് എന്ന് ആരോപിച്ചു പിടികൂടിയത്തിലെ വിഷമത്തില്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍, എന്നാല്‍ അതും തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ആ സ്ഥാപനത്തിന്റെ മേധാവിക്ക് കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരുപാട് ചോര ചിന്തിയ സമരങ്ങള്‍ ജിഷ്ണുവിന് വേണ്ടി നമ്മുടെ നാട്ടില്‍ നടന്നു. എന്നിട്ട് നീതി കിട്ടിയോ???

കൊച്ചി കായലില്‍ പൊങ്ങിയ മിഷേല്‍, ജിഷ, സൗമ്യ എന്നിങ്ങനെ നീണ്ടുപോകുന്നു. ഇതില്‍ എത്രപേര്‍ക്ക് നീതി ലഭിച്ചു? ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍ കൊണ്ട് എത്ര പേര്‍ക്ക് നീതി ലഭിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കുവാന്‍ കഴിയില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് ഇവിടെ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പലതും ഇതുപോലെ ഹാഷ് ടാഗുകളില്‍ പിറവി എടുത്തതാണ്.

എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ക്രൂരകൃത്യങ്ങള്‍ പെരുകുന്നു എന്ന് ചോദിച്ചാല്‍ ഏതൊരു പിഞ്ചു കുഞ്ഞിന് പോലും അതിന്റെ ഉത്തരം പറയുവാന്‍ കഴിയും. നമ്മുടെ നാട് എത്രയൊക്കെ പുരോഗമിച്ചാലും ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുവാന്‍ നമ്മുടെ നീതിന്യായത്തിന് കഴിയുന്നില്ല, അല്ലെങ്കില്‍ നീതി നടപ്പാക്കേണ്ടവര്‍ കണ്ണുകള്‍ മൂടി കെട്ടുന്നു.

ഉത്തരേന്ത്യയില്‍ കൊലപാതകങ്ങള്‍ അരങ്ങേറുമ്പോള്‍ മാത്രം പ്രതികരിക്കുന്നവര്‍ എല്ലാം കേരളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനം ഭജിക്കുന്നു. അത് രാക്ഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. പക്ഷെ നാമെല്ലാം ചിന്തിക്കേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാല്‍ "ജസ്റ്റിസ് ഫോര്‍ ഹാഷ് ടാഗുകള്‍ അവസാനിക്കുന്നില്ല" പേരില്‍ മാത്രമാണ് മാറ്റം വരുന്നത്. വരുംകാലം നമുക്ക് വേണ്ടി ഇങ്ങനെ ഒരു ഹാഷ് ടാഗ് ഉണ്ടാകാതിരിക്കട്ടെ എന്ന് സ്വയം പ്രാര്‍ഥിക്കാം.

 വിനായകന് വേണ്ടി  അവസാനത്തെ ഹാഷ് ടാഗ് ആയി ItsMurder ഹാഷ് ടാഗ് ഉപയോഗിച്ച് അവന്റെ കുടുംബത്തിനു നീതി ലഭ്യമാക്കാം. അതിനായ് നമുക്കൊരുമിച്ചു ഒത്തുചേരാം.നമ്മുടെ നാടിന്‍റെ നന്മയ്ക്ക്.  ഇനിയൊരു ഹാഷ് ടാഗ് പിറക്കാതിരിക്കുവാനായി.